Sunday, November 23, 2014

വായനക്കൂട്ടം ഒത്തുചേരൽ

അരീക്കോട് വായനക്കൂട്ടത്തിന്റെ മാസാന്ത ഒത്തുചേരൽ വൈ.എം.എ ഹാളിൽ മലപ്പുറം ഡി.ഇ.ഒ ശ്രീ.പി.സഫറുല്ലയുടെ നേതൃത്വത്തിൽ നടന്നു. സാഹിത്യകാരി പ്രൊഫ. ഹൃദയകുമാരി ടീച്ചറുടേയും ഹാസ്യ‌സാഹിത്യകാരനും മുൻ കളക്ടറുമായ ശ്രീ.സനൽകുമാറിന്റേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. പുതിയതായി ചേർന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. ശേഷം വായനക്കൂട്ടാംഗങ്ങളുടെ വായനാനുഭവങ്ങൾ പങ്കു വച്ചു.

ഡി.ഇ.ഒ ശ്രീ.പി.സഫറുല്ല പരിചയപ്പെടുത്തിയത് ശ്രീ.വി.സി.സി ജോർജ്ജ് എഴുതിയ ‘മൂല്യദർശനം ക്ലാസ്സുകളിൽ’ എന്ന പുസ്തകമായിരുന്നു. തമിഴ് സാഹിത്യത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന തിരുവള്ളുവരുടെ ‘തിരുക്കുറൾ’ പ്രതിപാദിക്കുന്ന ചിന്താശകലങ്ങളും ഡി.ഇ.ഒ പങ്കു വച്ചു. തമിഴ് ജനത ഈ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനേയും മനസ്സിൽ കുടിയിരുത്തുന്ന രീതിയും സ്വന്തം അനുഭവത്തിൽ നിന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ അത് ഈ വായനക്കൂട്ടത്തിന് നവ്യാനുഭവമായി.

ബ്ലോഗിൽ നിന്നും അച്ചടിച്ച ആദ്യ കൃതിയായ വിശാലമനസ്കൻ എന്ന  സജീവ് എടത്താടന്റെ ‘കൊടകരപുരാണം’ ആയിരുന്നു ശ്രീ.ആബിദ് തറവട്ടത്ത് പരിചയപ്പെടുത്തിയത്.ഗ്രന്ഥകാരന്റെ കുട്ടിക്കാലഅനുഭവങ്ങളും മറ്റും ഹൃദ്യമായി അവതരിപ്പിച്ചതും അവതരണ ശൈലിയും വായനക്കൂട്ടത്തിൽ പങ്കുവച്ചപ്പോൾ തങ്ങളുടെ കുട്ടിക്കാലവും കടലാസിലേക്ക് പകർത്താൻ അംഗങ്ങൾക്ക് പ്രചോദനമായി.

അരീക്കോട് നിന്നും ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ച ശ്രീ.എം.പി.ബി ഷൌക്കത്ത് തന്റെ ആദ്യത്തെ എഴുത്തനുഭവവും പങ്കുവച്ചു.മലയാളം പഠനം എൽ.പി.ക്ലാസ്സുകളിൽ വച്ച് തന്നെ  നിന്നു പോയതിനാൽ തന്റെ എഴുത്തിൽ വരുന്ന അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള വ്യാകുലത അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറക്കിയ “ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ കഥകൾ ആരും അറിയാതെ സേഫിനകത്ത് സൂക്ഷിക്കേണ്ടി വന്ന ഗതികേടും അദ്ദേഹം പങ്കുവച്ചു. ഒരു മുഴുസമയ വ്യാപാരിയായ താൻ, വലിയ ജ്യേഷ്ടനിൽ നിന്നുള്ള പ്രചോദനം കാരണം ഇന്നും എഴുത്തും രചനയും തുടരുന്നതായി ശ്രീ.ഷൌക്കത്ത് പറഞ്ഞു.വ്യാപാര മനസ്സ് ആയതിനാൽ കൂടുതൽ വരുമാനം ലഭിക്കുന്ന പരസ്യചിത്രങ്ങളുടെ സ്ക്രിപ്റ്റ് എഴുത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.




 ശ്രീ.എം.കെ രാമചന്ദ്രൻ എഴുതിയ ‘ദേവഭൂമിയിലൂടെ’ എന്ന പുസ്തകമായിരുന്നു ശ്രീ.വിവേക് പരിചയപ്പെടുത്തിയത്.കേദാർനാഥിനെപറ്റി പ്രതിപാദിക്കുന്ന ഈ പുസ്തകം ഹിമാലയത്തെപറ്റിയും അവിടെ സന്യസിക്കുന്ന വിവിധ മുനിമാരെപ്പറ്റിയും അടുത്തറിയാൻ സഹായകമാണ്. ഭാരതസംസ്കാരത്തെപറ്റി കൂടുതൽ അറിയാൻ ശ്രീ.എം.കെ രാമചന്ദ്രന്റെ ഈ സീരീസിലുള്ള പുസ്തകങ്ങളുടെ പിന്തുണയും വിവേക് പങ്കു വച്ചു.

തീ പിടിച്ച മനുഷ്യ ചിന്തകളുടെ കഥ പറയുന്ന ദൊസ്തോവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പുസ്തകവും ആനന്ദിന്റെ ‘ആൾക്കൂട്ടവും’ തമ്മിലുള്ള ബന്ധം ഗവേഷണ വിഷയമാക്കുന്ന കോഴിക്കോട് സർവ്വകലാശാലാ വിദ്യാർത്ഥി കൂടിയായ സമീർ കാവാട്ട് ആ വായനാനുഭവങ്ങൾ അടുത്ത കൂടിച്ചേരലിൽ  പങ്കുവയ്ക്കാമെന്നേറ്റു.

കവിതാലോകത്ത് അരീക്കോടിന്റെ പേര് പതിപ്പിച്ച ശ്രീ.വിശ്വൻ അരീക്കോട് തന്റെ കവിതാസമാഹാരമായ ‘നോവുകൾ, നൊമ്പരങ്ങൾ’ എന്ന കൃതി പരിചയപ്പെടുത്തി.പ്രസ്തുത കൃതിയിലെ അവസാനത്തെ കവിത ‘മലാല’യിൽ മലാലക്ക് നോബൽ സമ്മാനം ലഭിക്കുന്നതിനെപറ്റി മുൻ‌കൂട്ടി  പരാമർശം നടത്തിയത് ഹിന്ദു അടക്കമുള്ള പത്രങ്ങൾ പ്രാധാന്യത്തോടെ സുവാദമാക്കിയത് ശ്രീ.വിശ്വൻ പങ്കുവച്ചു.

                   


അരീക്കോട്ട് നിന്നുമുള്ള മറ്റൊരു കവിയും സിനിമാ‍ഗാന രചയിതാവുമായ ശ്രീ.വാസു അരീക്കോട് ‘മൌനനമ്പരം’ എന്ന തന്റെ കവിതാസമാഹാരത്തിൽ നിന്നുള്ള അമ്മ എന്ന കവിത ആലപിച്ചു.കുട്ടിക്കാലത്ത് തന്റെ വായനക്ക് വളമേകിയ സ്ഥാപനങ്ങൾ വൈ.എം.എ യും വൈ.എം.ബിയും ആയിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു.അന്ന് മനുഷ്യനെ സംസ്കരിക്കാനുതകുന്നവയായിരുന്നു സാഹിത്യസൃഷ്ടികൾ എന്ന് രമണനിലെ ‘കാനനഛായയിൽ ആടുമേക്കാൻ ...’ എന്ന ഗാനവും ഇന്നത്തെ ‘പലവട്ടം കാത്തുനിന്നു ഞാൻ കോളേജിൻ മൈതാനത്ത്...‘ എന്ന പുതിയ ഗാനവും താരത‌മ്യം ചെയ്ത് അദ്ദേഹം സമർത്ഥിച്ചു.



യാത്രകളിലൂടെ ഇന്ത്യയുടെ വിവിധഭാഗങ്ങൾ അരിച്ചുപെറുക്കിയ സഹദേവൻ മാസ്റ്റർ തന്റെ കേദാർനാഥ്-ബദരീനാഥ് യാത്രാനുഭവങ്ങൾ ആണ് ആദ്യം പങ്കുവച്ചത്. അപകടം നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെയുള്ള കേരള സംഘത്തിന്റെ നടന്നുകയറ്റം വായനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ചു.ശേഷം ഇന്ത്യൻ  ആംഗലേയ സാഹിത്യകാരനായ ശ്രീ.ആർ.കെ നാരായണിന്റെ ‘എ ടൈഗർ ഫോർ മാൽഗുഡി’ എന്ന പുസ്തകത്തിലെ രസകരമായ വായനാനുഭവവും പങ്കുവച്ചു.

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള നിർദ്ദേശത്തോടെയായിരുന്നു ഷീജ ടീച്ചർ അവതരണം ആരംഭിച്ചത്. സി.രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും’ എന്ന പുസ്തകവും അകാലത്തിൽ പൊലിഞ്ഞ ടി.വി.കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന കൃതിയും വായനക്കൂട്ടത്തിന് മുമ്പിൽ ടീച്ചർ പരിചയപ്പെടുത്തി.വൃദ്ധസദനത്തിലെ സിറിയക് തോമസ് എന്ന കഥാപാത്രം നൽകുന്ന പോസിറ്റീവ് എനർജി ചിന്തകൾ ടീച്ചർ അനുസ്മരിച്ചു.



 വിദ്യാർത്ഥിയായ ആൽ‌വിൻ  പി ജോർജ്ജ് പരിചയപ്പെടുത്തിയത് രണ്ട് ഇംഗ്ലീഷ് കൃതികളായിരുന്നു.’അയാം നുജൂദ് ഡൈവോർസ്‌ഡ് അറ്റ് ടെൻ’ എന്ന കൃതിയും ‘അയാം മലാല’ എന്ന കൃതിയും.കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്ന ഈ രണ്ട് കൃതികളും എല്ലാവരും വായിക്കണം എന്നും ആൽ‌വിൻ നിർദ്ദേശിച്ചു.


അടുത്ത ഒത്തുചേരലിന് കാർമ്മികത്വം വഹിക്കേണ്ടവരുടെ സാധ്യതാലിസ്റ്റ് യോഗത്തിൽ ചർച്ച ചെയ്തു.നിർദ്ദേശിക്കപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാൻ നിർദ്ദേശം വച്ചവരെത്തന്നെ ചുമതലപ്പെടുത്തി.കൂടുതൽ സമയം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി അവലംബിക്കേണ്ട പുതിയ മാർഗ്ഗങ്ങളും യോഗത്തിൽ ആരാഞ്ഞു. ചർച്ചകൾ ക്രോഡീകരിച്ച് സഫറുല്ല മാസ്റ്റർ സമാപനപ്രസംഗം നടത്തി.

Monday, November 3, 2014

വായനയുടെ വസന്തകാലം.

19/10/2014 ഞായറാഴ്ച അരീക്കോട് വൈ.എം.എ വായനശാലയുടെ ആഭിമുഖ്യത്തിൽ അരീക്കോടും ചുറ്റു ഭാഗത്തുമുള്ള എല്ലാതരം വായനക്കാരുടേയും ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.നാട്ടുകാരനും മലപ്പുറം ജില്ലാ വിദ്യഭ്യാസ ഓഫീസറും (ഡി.ഇ.ഒ) സർവ്വോപരി നല്ലൊരു വായനക്കാരനുമായ ശ്രീ.സഫറുള്ള.പി നേതൃത്വം നൽകിയ കൂട്ടായ്മ, കുട്ടികളും വൃദ്ധരും ഉദ്യോഗസ്ഥരും തൊഴിലന്വേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും തുടങ്ങീ സമൂഹത്തിന്റെ നാനാതുറകളിൽ‌പെട്ടവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.



പങ്കാളികളുടെ പരസ്പര പരിചയപ്പെടലിന് ശേഷം കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണത്തെപറ്റിയുള്ള ചർച്ച നടന്നു.അത് പ്രകാരം എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് യോഗം ചേരാൻ തീരുമാനിച്ചു.യോഗത്തിൽ അംഗങ്ങളുടെ സൃഷ്ടികൾ (കഥ/കവിത/ഗദ്യസാഹിത്യം തുടങ്ങിയവ) അവതരിപ്പിക്കാനും അതിൽ ചർച്ച സംഘടിപ്പിക്കാനും തീരുമാനിച്ചു.കൂട്ടയ്മയുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ശേഷം നടന്ന ചർച്ചയിൽ ഓരോ അംഗവും വായിച്ച ഒരു പുസ്തകം/കഥയെപറ്റി സംസാരിക്കുകയും അതിലെ ഏറ്റവും ആകർഷകമായ ഭാഗത്തെപറ്റി പറയുകയും ചെയ്തു.ഇത് അംഗങ്ങൾക്കിടയിൽ വിവിധ പുസ്തകങ്ങളെപറ്റി കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിച്ചു.

ഡി.ഇ.ഒ ശ്രീ.പി സഫറുല്ലയായിരുന്നു ആദ്യ അവതാരകൻ.എഡ്വേർഡ് ഡി ബോണോ രചിച്ച ലാറ്ററൽ തിങ്കിംഗ് എന്ന രസകരമായ വായനാനുഭൂതി പകരുന്ന ഇംഗ്ലീഷ് പുസ്തകമായിരുന്നു അദ്ദേഹം പരിചയപ്പെടുത്തിയത്.ശ്രീ.അനസ് കാവനൂർ ബെന്യാമീനിന്റെ ആടുജീവിതത്തിലെ വെള്ളത്തിന്റെ ഉപയോഗം വായിച്ച ശേഷം തന്റെ ജീവിതത്തിൽ ഇക്കാര്യത്തിൽ വന്ന ചിന്ത പങ്കു വച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഇപ്പോൾ അരീക്കോട് നിവാസിയുമായ ശ്രീ യൂസഫ് അൻസാരി പെരിന്തൽ‌മണ്ണക്കടുത്ത് ചെറുകാടിലെ തന്റെ ബാല്യകാല വായനാ സ്മരണകൾ പുതുക്കി.ഒപ്പം അറേബ്യൻ സാഹിത്യരംഗത്തെ വിസ്ഫോടനത്തെപറ്റിയും സദസ്സിന് പരിചയപ്പെടുത്തി.



അദ്ധ്യാപകനായ   ശ്രീ.സുബ്രമണ്യൻ പരന്ന വായനക്കാരനല്ലെങ്കിലും തന്നെ ആകർഷിച്ച ദിവാസ്വപ്നം എന്ന പുസ്തകത്തെപറ്റി സംസാരിച്ചു.മറ്റൊരു അദ്ധ്യാപകനായ  ശ്രീ.സഹദേവന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന പുസ്തകങ്ങൾ പൌളൊ കൊയിലോയുടെ ആൽക്കെമിസ്റ്റും നാസ്തികനായ ദൈവവും ആയിരുന്നു.ഷെർലോക് ഹോംസ് കഥകളുടെ അവതരണ രീതി ഇഷ്ടപ്പെടുന്ന സിയാദിന് അന്തരിച്ച ശ്രീ.പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന കഥയും വളരെ ഇഷ്ടപ്പെട്ടു.പള്ളിയിൽ ജോലി ചെയ്യുന്ന ശ്രീ.മൻസൂർ കോട്ട എല്ലാ പത്രങ്ങളുടേയും വായനക്കാരനായിരുന്നു.

രാകേഷ് പൂവത്തിക്കൽ എന്ന പേരിൽ എഴുതുന്ന വിദ്യാർത്ഥിയായ രാകേഷിനെ ആകർഷിച്ചത് എം.ടിയുടെ ‘നിന്റെ ഓർമ്മക്ക്’ എന്ന കഥയാണ്.അരീക്കോടൻ എന്ന പേരിൽ ബ്ലോഗ് എഴുതുന്ന ശ്രീ ആബിദ് തറവട്ടത്ത് വായന മരിക്കുന്നില്ല എന്ന് സ്വന്തം ബ്ലോഗിലെ സന്ദർശക കണക്കെടുപ്പിലൂടെ സമർത്ഥിച്ചു.ഒപ്പം ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ തന്റെ രചനകളിൽ ചെലുത്തുന്ന സ്വാധീനവും പങ്ക് വച്ചു.കുട്ടിക്കാലത്ത് ബീഡിതെറുക്കുന്നതോടൊപ്പം ആദ്യമായി വായിച്ച നളചരിതം ആട്ടക്കഥ വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ശ്രീ.മുസ്തഫ അനുസ്മരിച്ചു.

ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇരയായ ശ്രീ.കുത്ബുദ്ദീൻ അൻസാരിയെ നേരിട്ട് ഇന്റർവ്യൂ ചെയ്ത് പ്രസ്തുത കലാപത്തെപ്പറ്റി പുസ്തകം രചിച്ച അരീക്കോട്ടുകാരൻ സഹീദ് റൂമിയെ ആകർഷിച്ചത് ശ്രീ.എം.മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ‘ എന്ന കൃതിയാണ്. ശ്രീ.എ.പി. കുഞ്ഞാമു വിവർത്തനം ചെയ്ത ‘ഇവർ തീവ്രവാദികൾ‘ എന്ന പുസ്തകം വായിച്ച ശേഷം ഉറക്കം ലഭിക്കാതെ പോയതും ശ്രീ.സഹീദ് അനുസ്മരിച്ചു.



ഇങ്ങനെ വായനയുടെ വിശാലമായ ലോകവും അത് സൃഷ്ടിക്കുന്ന മന:സംഘർഷങ്ങളും മനം
‌മാറ്റങ്ങളും ചിന്തകളും എല്ലാം പങ്ക് വച്ച ഈ വായനക്കൂട്ടം ജീവിതത്തിൽ ഒരു പുതിയ അനുഭവമായി. വായനയെ പ്രോത്സാഹിപ്പിക്കുന്ന നാട്ടിലെ നല്ലൊരു കൂട്ടായ്മയിൽ അംഗമാകാനും കുറേ നല്ല വായനക്കാരെ പരിചയപ്പെടാനും ഒപ്പം ഇത്തരം കാര്യങ്ങൾ പരിപോഷിപ്പിച്ച് നല്ലൊരു സംസ്കാരം വളർത്താനും ഈ കൂട്ടായ്മ പ്രാപ്തമാകും എന്ന് പ്രതീക്ഷിക്കുന്നു.


സ്കൂൾ/കോളേജ്  കുട്ടികൾക്കിടയിൽ വായനയും മലയാളം എഴുത്തും കത്തെഴുത്തും പ്രോത്സാഹിപിക്കുന്നതിന്റെ ആവശ്യകതയും കൂട്ടായ്മ ചർച്ച ചെയ്തു. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന മത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും ഭാവി പരിപാടികളിൽ ചർച്ച നടന്നു.കൂട്ടായ്മയുടെ ഭാഗമായി ഒരു ബ്ലോഗ് ആരംഭിക്കാൻ ശ്രീ.ആബിദ് തറവട്ടത്തിനെ ചുമതലപ്പെടുത്തി.ബ്ലോഗിന് “സർഗ്ഗതീരം” എന്ന് പേരിടാനും തീരുമാനിച്ചു.ശ്രീ.പി.സഫറുള്ള ചർച്ച ക്രോഡീകരിച്ച് സമാപനപ്രസംഗം നടത്തി.